അദൃശ്യം, അഭൗതികം, ഭൗമേതരം: ഹംസാ കറമാലിയെയും പൗൾ വില്ല്യംസിനെയും വായിക്കുമ്പോൾ
അദൃശ്യ ജീവികൾ, ആത്മാക്കൾ, അഭൗതിക സങ്കൽപ്പങ്ങൾ തുടങ്ങിയ ചർച്ചകളും, ഡിബേറ്റുകളും ഭൗതിക ലോകത്ത് സജീവമായി നടന്ന് കൊണ്ടിരിക്കുമ്പോൾ തന്നെ ആസ്ട്രോബയോളജിയുടെ പരിധിയിൽ വരുന്ന ഭൗമേതര ബൗദ്ധികതയുടെ [Extraterrestrial Intelligence] സാധ്യതാ-സാധുതയെ[Practicality of Possibility] കുറിച്ചുള്ള സംവാദ സംവേദനങ്ങൾ ട്രഡീഷണൽ ഇസ്ലാമിക് അക്കാദമിയയിൽ വരെ ഇതിനോടകം തന്നെ നടന്ന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ജിന്നുകളുടെ ലോകവും ജീവിതവുമൊക്കെ ചർച്ച ചെയ്യപ്പെട്ടത് പോലെ 'ഏലിയൻസി'ന്റെ ചർച്ചകൾ രൂപപ്പെടാത്തത് ലഭ്യതയുടെ [Avaliability] പരിമിതികളും പരിധികളും കൊണ്ടാണെന്നും അതല്ലാതെ അതിനെ നിരാകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് കൊണ്ടല്ലെന്നും കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്. അതുകൊണ്ടൊക്കെ തന്നെ ഉണ്മക്ക് തെളിവില്ലെങ്കിൽ അതൊരിക്കലും ശ്വാശ്വതമായ ഇല്ലായ്മയെ സാധൂകരിക്കുകയില്ലെന്ന [Absence of Evidence is not Evidence of Absence] ബേസിക് ലോജിക് വച്ച് തന്നെയാണ് പണ്ഡിതന്മാർ ഇത്തരം പഠനവ്യവഹാരങ്ങളെ നോക്കിക്കാണുന്നതും. മാത്രമല്ല ഭാവിയിൽ അത്തരമൊരു സാധ്യത പൂർണ്ണമായിട്ടും നിരാകരിക്കപ്പെട്ടാൽ ഉണ്ടാവുന്നതിനേക്കാൾ സ്ഥിതീകരിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന ബൗദ്ധിക പ്രതലങ്ങൾക്കാണ് അനിവാര്യതയേറുന്നതെന്ന വസ്തുതയും കൂടി കടക്കിലെടുത്താണ് പണ്ഡിതന്മാരും ബൗദ്ധികന്മാരുമെല്ലാം ഉണ്ടായേക്കാമെന്ന സാധ്യതയിലൂന്നി [Possibility of Existence] ഇത്തരം പഠനം രൂപപ്പെടുത്തുന്നതും.
ഭൂമി പ്രതലങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും പോലെ ഭൗമേതര ഗ്രഹങ്ങളിൽ അന്യഗ്രഹ ജീവികൾ നിലനിൽക്കുന്നുവെങ്കിൽ താരതമ്യേന അവരുടെ പൊസിഷൻ എന്താണ് ? മനുഷ്യന്റെ ആത്മാവിനെ പോലെ അവർക്കും ആത്മാക്കളുണ്ടോ ? പരലോക ജീവിതത്തിൽ അവരുടെ റോൾ എന്താണ് ? ഏലിയൻസിന്റെ കടന്ന് വരവ് മനുഷ്യ വർഗ്ഗത്തിന്റെ പ്രത്യേകതകൾക്ക് വെല്ലുവിളിയാകുമോ ? അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും നമ്മുടേതിന് സമാനമാകുമോ എന്ന് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ഇത്തരം പഠനങ്ങളുടെ ആകെത്തുക.
ഡോ. ഹംസ കറമാലിയും പൗൾ വില്ല്യംസും ചില ചോദ്യങ്ങളും
1. ഇസ്ലാമിന്റെ ദൈവശാസ്ത്ര വീക്ഷണത്തിൽ അന്യഗ്രഹജീവികളെന്ന ഇമേജിനേഷന് സാധുതയുണ്ടോ ? അങ്ങനെയുണ്ടെങ്കിൽ അവയുടെ ഹൈറാർക്കിയൽ പൊസിഷനെ എങ്ങനെയായിരിക്കും ഡിഫൈൻ ചെയ്യുക?
പ്രധാനമായിട്ടും താഴെ പറയുന്ന നാല് കാര്യങ്ങളിലൂന്നിയാണ് ചർച്ചകൾ രൂപപ്പടുന്നത്.
Islamic theology does not require belief in extraterrestrials. It does not deny the possibility of extraterrestrial intelligent life.Human beings retain a unique theological status even if aliens exist. Jinn and extraterrestrials are not automatically identical categories.
മനുഷ്യനും, ജിന്നും, മലാഇക്കത്തും, മൃഗവുമെല്ലാം ഖുർആനിന്റെ ബാഹ്യമായ ചർച്ചയിൽ വന്നിട്ടും അന്യഗ്രഹ ജീവിയെ മാത്രം ഇസ്ലാം മാറ്റിനിർത്തുന്നതിന്റെ കാരണം പൗൾ വില്ല്യം ചോദിച്ചപ്പോൾ “നിങ്ങൾക്ക് അറിയാത്തതും അവൻ സൃഷ്ടിക്കുന്നതാണ്” (16.8) എന്ന ഖുർആനിക സൂക്തത്തെ ഡിപന്റ് ചെയ്താണ് കറമാലി മറുപടി നൽകിയത്. അങ്ങനെ പറഞ്ഞ് തുടങ്ങിയ ചർച്ചയുടെ അവസാനഭാഗത്ത് Aliens ന്റെ നിലനിൽപ്പിനെ സ്ഥിരീകരിക്കാനോ, നിരാകരിക്കാനോ നിൽക്കാതെ അതിന്റെ സാധ്യതയെ തള്ളിപ്പറയാത്ത പൊസിഷനാണ് അദ്ദേഹം സ്വീകരിച്ചതും. സത്യം പറഞ്ഞാൽ, ഈ വക സൃഷ്ട ജാലങ്ങളൊക്കെ ലോകത്തുണ്ടായിട്ടും നമ്മൾ മനുഷ്യർക്ക് മറ്റുള്ള ജീവജാലങ്ങളിൽ നിന്ന് ഒരുപടി സ്ഥാനക്കയറ്റം കിട്ടിയതിന്റെ കാരണം എപ്പോഴെങ്ങിലും ആലോചിച്ചിട്ടുണ്ടോ ? അല്ലാഹുവിന്റെ ഖലീഫ (vicegerency), ധാർമ്മിക ഉത്തരവാദിത്തം (taklīf), വഹ് യ് (Revelation) അങ്ങനെ കുറേയേറെ ബോധ്യങ്ങളുടെ നടുവിൽ നമ്മൾ കറങ്ങിക്കളിക്കുന്നത് കൊണ്ടാണത്. മറ്റൊരിടത്ത് വാനഭൂമിയിലെ പല കാര്യങ്ങളും മനുഷ്യന്റെ ഉപകാരത്തിനായി സൃഷ്ടിക്കപ്പെട്ടതാണെന്ന് അല്ലാഹു ഉറപ്പിച്ച് പറയുന്നതായും കാണാം. ഇതുകൊണ്ടൊക്കെ തന്നെ മനുഷ്യനെന്തായാലും അന്യഗ്രഹ ജീവികളുടെ മുകളിൽ തന്നെയാണെന്ന ബോധ്യമാണ് ഇസ്ലാമിന്റേത്. അതുകൊണ്ട് തന്നെ ശാസ്ത്ര ലോകം നാളെ ഏലിയൻസിനെ കണ്ടെത്തിയെന്ന് പറഞ്ഞ് ഡാറ്റ പുറത്ത് വിട്ടാൽ പോലും ഒരു നിമിഷത്തിന്റെ ഗാപ്പെടുക്കാതെ തന്നെ ഇസ്ലാമിന്റെ വീക്ഷണം പബ്ലിഷ് ചെയ്യാൻ മാത്രമുള്ള ധൈര്യമാണ് ഇവ്വിഷയത്തിൽ ഇസ്ലാമിക് സ്കോളർഷിപ്പിനുള്ളതും.
2. ഈ പ്രപഞ്ചം മനുഷ്യന് വേണ്ടിയാണോ ദൈവം സൃഷ്ടിച്ചത് ? ബാക്കി ജീവജാലങ്ങളൊക്കെ വെറും നോക്കുകുത്തികളാണോ?
“ആകാശങ്ങളിലുമുള്ളതും ഭൂമിയിലുള്ളതുമായ എല്ലാം നിങ്ങൾക്കായി വിധേയമാക്കിയിരിക്കുന്നു." (ലുഖ്മാൻ 31:20).
എന്ന ഖുർആനിക സൂക്തം ഉന്നയിച്ച് കൊണ്ടാണ് പൗൾ വില്ല്യംസ് ഈ ചോദ്യം ചോദിക്കുന്നത് ഇസ്‌ലാമിക ദർശനത്തിൽ പ്രപഞ്ചം ഒരു ലക്ഷ്യരഹിത യന്ത്രമല്ലെന്നും മറിച്ച്, മനുഷ്യന്റെ ജീവിതത്തിനും ആത്മീയ വളർച്ചയ്ക്കും വേണ്ടി അല്ലാഹു ക്രമീകരിച്ച ഒരു സൃഷ്ടിവ്യവസ്ഥയാണതെന്നുമാണ് ഷെയ്ഖ് ഹംസ കറമാലി ഈ ആയത്തിനെ വ്യാഖാനിച്ച് മറുപടി നൽകിയതും.
ഇവിടെ ഒരു പ്രധാന ചോദ്യം വേണമെങ്കിൽ നമുക്ക് ചോദിക്കാം. "പ്രപഞ്ചം മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ, അന്യഗ്രഹ ജീവികൾക്ക് അതിൽ എന്ത് സ്ഥാനമാണുള്ളത്?"
മനുഷ്യനുവേണ്ടി സൃഷ്ടിക്കപ്പെട്ടുവെന്നതിന് പ്രപഞ്ചത്തിൽ മറ്റൊരു ജീവിവർഗ്ഗവും ഉണ്ടാകരുതെന്നർത്ഥമില്ല. മറിച്ച്, മനുഷ്യൻ അല്ലാഹുവിന്റെ പ്രത്യേക ദൗത്യം വഹിക്കുന്ന സൃഷ്ടിയാണെന്നതാണ് അതിന്റെ സാരം. ഉദാഹരണത്തിന് മനുഷ്യന് വേണ്ടി പടക്കപ്പെട്ടുവെന്ന് പറയുന്ന ഭൂമിയിൽ മൃഗങ്ങളും ജിന്നുകളും മലക്കുകളുമുണ്ടെങ്കിലും
ഇവയുടെയൊന്നും സാന്നിധ്യം മനുഷ്യനെ അപ്രസക്തനാക്കുകയോ അപ്രമാദിത്വത്തിന് കോട്ടം വരുത്തുകയോ ചെയ്യുന്നില്ല. അതുപോലെ തന്നെ അന്യഗ്രഹ ജീവികൾ ഉണ്ടായാലും മനുഷ്യന്റെ ഖിലാഫത്തും (vicegerency) ആത്മീയ സ്ഥാനവും നഷ്ടപ്പെടുകയില്ല. ചുരുക്കത്തിൽ ഇസ്‌ലാമിൽ മനുഷ്യന്റെ കേന്ദ്രസ്ഥാനം (centrality) ഭൂമിശാസ്ത്രപരമല്ലെന്നും ആത്മീയമാണെന്നും സാരം.
3. ഇസ്‌ലാം അന്യഗ്രഹ ജീവികളുടെ അസ്തിത്വം (existence) സ്ഥിരീകരിക്കുന്നില്ല ,എന്നാൽ അല്ലാഹുവിന്റെ സൃഷ്ടി ഭൂമിയിലേക്ക് മാത്രം പരിമിതമാണെന്ന് പറയുകയും ചെയ്യുന്നില്ല. ഇതിനെ എങ്ങനെയാണ് ചേർത്ത് വായിക്കുന്നത്?
"അല്ലാഹുവാണ് ഭൂമിയിൽ ഏഴ് ആകാശങ്ങളും അവയുടെ സമാനമായതും സൃഷ്ടിച്ചത്." (ത്വലാഖ് 65:12). ഈ ആയത്തിനെ കുറിച്ച് ക്ലാസിക്കൽ മുസ്ലിം പണ്ഡിതന്മാർ ഒരുപാട് വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഓരോ ഭൂമിയിലും അതിന്റേതായ സൃഷ്ടികളും സമൂഹങ്ങളുമുണ്ടാകുമെന്ന വ്യാഖ്യാനത്തിലൂന്നിയിട്ടാണ് ഹംസ കറമാലി ആയത്തിനെ വിശദീകരിക്കുന്നത്. എന്ന് വെച്ചാൽ എല്ലാ ഭൂമിയിലും നൂഹ് നബിയെ പോലെ മറ്റൊരു നൂഹ് നബിയും സുലൈമാൻ നബിയെ പോലെ മറ്റൊരു സുലൈമാൻ നബിയും ഉണ്ടാകൽ അസാധ്യമല്ലന്നും വായനയുണ്ട്.
ചുരുക്കത്തിൽ ആദ്യം പറഞ്ഞ് വച്ചത് പോലെ ഒരു വസ്തുവിനെ കണ്ടുപിടിക്കാനോ ഇല്ലായെന്ന് തീർപ്പ് കല്പിക്കാനോ കഴിയാത്തിടത്തോളം അതിനെ ചുരുങ്ങിയപക്ഷം നിരാകരിക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. ജിന്നുകളുടെ ഉൺമയും സാന്നിധ്യവും ഖുർആൻ സ്ഥിതീകരിക്കുന്നത് കൊണ്ട് പാശ്ചാത്യർ എതിർത്താലും നാം അതിനെ അംഗീകരിക്കുന്നത് പോലെ ഒരു തീർപ്പ് കൽപ്പിക്കാത്തിടത്തോളം അതിന്റെ സാധ്യതെയേയോ സാന്നിധ്യത്തിന്റെ സാഹചര്യത്തെയോ പറ്റിയും നാം തീർപ്പ് കല്പിക്കാതെയിരിക്കുകയെന്നതാണ് നാം ചെയ്യേണ്ടതും.
| അബ്ദുള്ള അഹ്മദ്
അവലംബം
1)What Islam really Says About Aliens & Extraterrestrial Life
•Shaykh Hamza Karamali
2)Fakhr al-D ̄ın al-Ra ̄z ̄ı on the Existence and Nature of the Jinn
•Shoaib Ahmed Malik
3)ജിന്നുകളുടെ ലോകം : മിഥ്യയോ യാഥാർത്ഥ്യമോ
•അമീൻ ഒതുക്കുങ്ങൽ
4)UFOs Are Really Jinn Appearances?
5) Islamic Theology & Extraterrestrial life New Frontiers in science & Religion
•Shoaib Ahmed Malik
•Jorg Matthias Determann
Log in to like this article.
Categories
- culture 0
- philosophy 0
- politics 0
- Current Affairs 0
- religion 0